2012, ജൂലൈ 22, ഞായറാഴ്‌ച

കുരങ്ങച്ചനോട്‌

മാവിലേറിയ കുരങ്ങച്ചാ
മാമ്പഴമോന്നു പറിച്ചിടൂ
മാമ്പഴമില്ലട തോമാച്ചാ
മാവില്‍ നിറയെ ഉറുമ്പാണേ  

ഊഞ്ഞാല്

അമ്മിണി മോളുടെ ഊഞ്ഞാല്
അച്ഛന്‍ കെട്ടിയ ഞ്ഞാല് 
മാവിന്‍കൊമ്പത്തൂഞ്ഞാല്
ചാഞ്ചക്ക മാടാന്‍ ഞ്ഞാല് 

തവളച്ചാര്‍

കുളത്തിലുണ്ടൊരു തവളച്ചാര്‍
പോക്രോം കരയും തവളച്ചാര്‍
മുതല വരുന്നതു കണ്ടെന്നാല്‍
ബ്ലും ബ്ലും മുങ്ങും തവളച്ചാര്‍ 

പറപറ

മയിലും കുയിലും കുരുവികളും
മാടത്തകളും മൈനകളും
നമ്മുടെ പക്ഷികളാണല്ലോ
അരുമപക്ഷികളാണല്ലോ
തത്തി പ്പാറും തത്തകളും
കുറു കുറു  കുറുകും പ്രാവുകളും
നമ്മുടെ പക്ഷികളാണല്ലോ
അരുമ പക്ഷികളാണല്ലോ
കൊക്കും കാക്കേം പൊന്മാനും
ആറ്റകിളിയും ചെമ്പോത്തും
നമ്മുടെ പക്ഷികളാണല്ലോ
അരുമ പക്ഷികളാണല്ലോ 

തത്തമ്മ

താമരയെന്നൊരു തത്തമ്മ
സുന്ദരിയായൊരു തത്തമ്മ
ചുണ്ടുമുറുക്കി ചോപ്പിച്ച്
അത്തിമരത്തിലിരിപ്പുണ്ടേ  

കിയോം...

അമ്മകോഴിക്കുണ്ടേ
കിയോം പാടും കുഞ്ഞുങ്ങള്‍
കിയോം പാടും കുഞ്ഞുങ്ങള്‍ക്ക്‌
കാവലിനുണ്ടേ പൊന്നച്ഛന്‍ 

മിഠായി കൊട്ടാരം

മിട്ടുവും കുട്ടുവും മിഠായി കൊണ്ടൊരു
കൊട്ടാരമുണ്ടാക്കി വീട്ടിനുള്ളില്‍
മിഠായികൊട്ടാരം നേരിട്ടുകാണുവാന്‍
പൂമ്പാറ്റ കുഞ്ഞുങ്ങള്‍ പാറിവന്നു
തുമ്പിയമ്മൂമ്മയും തുമ്പികിടാങ്ങളും
കൊട്ടാരം കണ്ടു മതിമറന്നു
 കുട്ടനുറുമ്പുണ്ണി അന്തിക്കു വന്നിട്ട്
കഷ്ടമകൊട്ടാരം തിന്നു തീര്‍ത്തു  

2012, ജൂലൈ 21, ശനിയാഴ്‌ച

ജീവികളുടെ സഞ്ചാരം

പറന്നു നീങ്ങുവതേതെല്ലാം
ജീവികളാണെന്‍   മുത്തച്ഛാ? 
പൂമ്പാറ്റകളും പക്ഷികളും
പറന്നു  നീങ്ങും ചന്തത്തില്‍
നീന്തി നടക്കുവതേതെല്ലാം
ജീവികളാണെന്‍   മുത്തച്ഛാ? 
താറാവുകളും മീനുകളും 
നീന്തിത്തുഴയും വെള്ളത്തില്‍ 
ഇഴഞ്ഞു നീങ്ങുവതേതെല്ലാം 
ജീവികളാണെന്‍   മുത്തച്ഛാ? 
പുഴുവും പാമ്പും പഴുതാ രേം 
ഇഴഞ്ഞുനീങ്ങും തഞ്ചത്തില്‍ 
ചാടി പ്പോകുവതേതെല്ലാം 
ജീവികളാണെന്‍   മുത്തച്ഛാ? 
മുയലും തവളേം കങ്കാരൂം
ചാടി പോകും താളത്തില്‍  
ഓടി പോകുവ തേതെല്ലാം 
ജീവികളാണെന്‍   മുത്തച്ഛാ? 
മാനും നായും കുതിരകളും
ഓടി പോകും താളത്തില്‍
നടന്നു നീങ്ങുവതേതെല്ലാം
ജീവികളാണെന്‍   മുത്തച്ഛാ? 
ആനയും ആടും മാനവരും 
നടന്നു നീങ്ങും കുഞ്ഞൂട്ടാ 

2012, ജൂലൈ 20, വെള്ളിയാഴ്‌ച

തത്തമ്മയും പൂച്ചയും

അത്തിപ്പഴവും കൊത്തി വരുന്നു
പോത്തിന കത്തെ തത്തമ്മ
തത്തി തത്തി നടന്നുവരുന്നു
തിത്തെയ് തരികിട തത്തമ്മ
അത്തി പ്പാഴമത് തട്ടിയെടുക്കാന്‍
തക്കം നോക്കണ് കാക്കമ്മ
തത്തയെ നോക്കിയിരിക്കണ്
തൊട്ടരികത്തൊരു പൂച്ചമ്മ





മൊബൈല്‍ നീലാണ്ടന്‍

കാട്ടിലെ വാരി കുഴിയില്‍ വീണു
 പെട്ടെന്നൊരുനാള്‍ നീലാണ്ടന്‍
കൊമ്പും തുമ്പി കയ്യു മിളക്കി
കരച്ചിലായി പാവത്താന്‍
എട്ടും പൊട്ടും തിരിയാതങ്ങിനെ
കുഴിയില്‍ വീണു ഞെരങ്ങുമ്പോള്‍
ചെവിയിലിരിക്കും മൊബൈല്‍ ഫോണിന്‍
കഥയോര്‍മിച്ചു നീലാണ്ടന്‍
തുമ്പികയ്യാല്‍ തപ്പിയെടുത്തു
ചെവിയില്‍ നിന്നും മൊബൈല്‍ ഫോണ്‍
നമ്പറ് ഞെക്കി കൂട്ടരെയെല്ലാം
അപകട വാര്‍ത്ത അറിയിച്ചു
ധടു പുടു ധടു പുട്‌ ഓടിയണഞ്ഞു
ആനകൂട്ടമ് പലവഴിയെ
എല്ലാരും ചേര്‍ന്നൊത്തുപിടിച്ചു
ഏലയ്യ പിടി ഏലയ്യ
എട്ടടി യുള്ളൊരു ഘട്ടറില്‍ നിന്നും
കുട്ടി കൊമ്പന്‍ കരകേറി
ആനകളവനൊരു പേരും നല്‍കി
കാട്ടിലെ മൊബൈല്‍ നീലാണ്ടന്‍

പാണ്ടന്‍റെ ചെണ്ട

പാണ്ടന്‍ പട്ടിക്കൊരു ചെണ്ട കിട്ടി
ചെണ്ട കൊട്ടാന്‍ രണ്ടു കൊലുകിട്ടി
ഡിണ്ടകം ഡിണ്ടകം ചെണ്ട കൊട്ടി 
കൊട്ടുമ്പോ ചെണ്ടേടെ മണ്ടപൊട്ടി 

ഉറുമ്പുറുമ്പുറുമ്പുറുമ്പ്

ഉറുമ്പുറുമ്പുറുമ്പുറുമ്പ് 
കുറുമ്പു കാട്ടീടുന്നുറുമ്പ് 
കറുകറുമ്പന്‍ കട്ടുറുമ്പ് 
ഭരണിക്കുള്ളില്‍ പെട്ടുറുമ്പ്